എന്തിന് ആണവ കരാര്‍?
-----------------------------
ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുക വഴി പുറംതള്ളപ്പെടുന്ന കാര്‍ബണ്‍ഡൈയോക്സൈഡിന്റെ അളവ് ഭീമമായ വിധം ഉയര്‍ന്നിരിക്കുന്നു.അന്തരീക്ഷത്തിലേക്ക് കത്തിച്ചു കളയുന്ന കാര്‍ബണ്റ്റെ ഓരോ പടലവും ആഗോള താപനത്തിന്റെ ഗതിവേഗം കൂട്ടുന്നുത് കൊണ്ട് തന്നെ ഇവയുടെ ഉപയോഗം കുറച്ചു കൊണ്ട് മാത്രമേ ഇത് നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ.ഫോസില്‍ ഇന്ധനങ്ങളാവട്ടെ വാഹനങ്ങള്‍ ഓടിക്കാന്‍ അത്യന്താപേക്ഷികവുമാണ്.
ഇവിടെ ആണവോര്‍ജ്ജം ഒരു പരിധിവരെ ഫോസില്‍ ഇന്ധനങ്ങളുടെ പാരിസ്ഥിതിക പരിമിതികളെ മറികടക്കുന്നുണ്ട്. ആണവോര്‍ജ്ജം ഉപയോഗിക്കുന്ന അളവിലുള്ള ഭീമമായ കുറവാണ് അതിനു കാരണം. ഒരു പൌണ്ട് യുറേനിയം കൊണ്ട് 1500 ടണ്‍ കല്‍ക്കരി കത്തിക്കുമ്പോഴുണ്ടാകുന്ന താപമാണ് ലഭിക്കുന്നത്!
ആണവോര്‍ജ്ജം കൊണ്ട് നമുക്ക് കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാം.
അണുസംഖ്യ കൂടുതലുള്ള മൂലകങ്ങളാണ് ആണവോര്‍ജ്ജത്തിനു വേണ്ടി ഉപയോഗിക്കുന്നത്.
സാധാരണയായി യുറേനിയം (അണുസംഖ്യ-92), പ്ളൂട്ടോണിയം(94), തോറിയം(90) എന്നിവയാണ് അതിന്റെ ലഭ്യതയനുസരിച്ചുപയോഗിക്കുന്നത്.
മൂലധാതു ലോഹങ്ങളുടെ സമ്പുഷ്ടീകരണ (enrichment) ത്തിലൂടെ സമ്പന്നമായ പിണ്ട(mass)ത്തോടു കൂടിയ അണുഘടകങ്ങളെ വിഘടിപ്പിക്കുകയും അതിലൂടെ പുറംതള്ളപ്പെടുന്ന ഭീമമായ താപത്തെ ഊര്‍ജ്ജമായി പരിണാമപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
ആണവ റിയാക്റ്ററുകളിലാണ് ഈ പ്രക്രിയ നടക്കുന്നത്. ഇത്തരത്തില്‍ ലോകത്ത് 440 റിയാക്ടറുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. കൂടാതെ 69 എണ്ണത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുമുണ്ട്.
യുറേനിയം ഉത്പാദനത്തിണ്റ്റെ 94%വും പത്ത് രാജ്യങ്ങളിലാണ് നടക്കുന്നത്. അതില്‍ തന്നെ കാനഡ (28%), ആസ്ട്രേലിയ(23%) എന്നീ രാജ്യങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു. കൂടാതെ കസാക്കിസ്ഥാന്‍, റഷ്യ, നമീബിയ, നൈജര്‍ എന്നീ രാജ്യങ്ങളും ക്രമമായി യുറേനിയം എന്ന മൂലധാതുലോഹം ഖനനം ചെയ്യുന്നുണ്ട്.
സമ്പുഷ്ടീകരണ പ്ളാന്റുകള്‍ കൂടുതലും യൂറോപ്പിലാണ്. ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലാണ്റ്റ്സ്, ബ്രിട്ടന്‍, അമേരിക്ക, റഷ്യ, എന്നീ രാജ്യങ്ങളിലായാണ് പ്ളാന്റുകളിലധികവും സ്ഥിതി ചെയ്യുന്നത്.
സ്വാഭാവികമായും സമ്പുഷ്ടീകരണ പ്ളാന്റുകളുള്ള ഈ രാജ്യങ്ങള്‍ തന്നെയാണ് ആണവോര്‍ജ്ജത്തിന്റെ വ്യാപാര ഗതിവിഗതികള്‍ നിശ്ചയിക്കുന്നത്.
റഷ്യയൊഴികെ മറ്റ് അഞ്ച് രാജ്യങ്ങളും ഈ അടിസ്ഥാനത്തില്‍ തന്നെ 1972 ഫെബ്രുവരിയില്‍ പാരീസില്‍ കൂടുകയും ആണവ ഊര്‍ജ്ജത്തിന്റെ കുത്തക ഈ രാജ്യങ്ങളില്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ അത് കമ്പോള വല്‍ക്കരിക്കുന്ന (orderly marketing)നയത്തിന് രൂപം നല്‍കുകയും ചെയ്തു.
അതനുസരിച്ച് ആണവ കരാറില്‍ ഏര്‍പ്പെടുന്ന ഒരു രാജ്യത്തിന് ഈ രാജ്യങ്ങള്‍ ചേര്‍ന്ന് ആണവ ഇന്ധനം നല്‍കണം.യുറേനിയം ധാരാളമായി ഇല്ലാത്ത ഭാരതത്തിന് ഈ കരാറില്‍ ഒപ്പ് വെയ്ക്കാതെ നിവര്‍ത്തിയില്ല എന്ന അവസ്ഥയാണ്.
അമേരിക്കയുടെ പങ്ക്:
------------------------
അമേരിക്കയുടെ ആണവ കരാര്‍ നയപരമായി തീരുമാനിക്കുന്നത് 1954-ല്‍ അവര്‍ പാസാക്കിയ AEA (Atomic Energy Act) ആണ്. ഈ നിയമത്തിലെ 123 സെക്ഷന്‍ പ്രകാരം മറ്റ് രാജ്യങ്ങളുമായി ഉഭയകക്ഷികരാറു വഴി ആണവ സഹകരണം നടത്താമെന്നും, അത് എങ്ങനെയൊക്കെ ആവാമെന്ന് ഓരോ രാജ്യത്തിന്റെയും പ്രത്യേകമായ അവസ്ഥ പരിഗണിച്ചുകൊണ്ട് AEA സെക്ഷന്‍ 123 പ്രകാരമുള്ള കരാര്‍ ഉണ്ടാക്കാമെന്നും നിഷ്കര്‍ഷിക്കുന്നുണ്ട്. ആസ്ത്രേലിയ മുതല്‍ ഉക്രൈന്‍ വരെയുള്ള രാജ്യങ്ങളുമായി എങ്ങനെയാണ് ആണവ സഹകരണം എന്നത് സെക്ഷന്‍ 123 വിശദീകരിക്കുന്നുണ്ട്.
ഇന്ത്യയെ അവരുടെ ഒരു സഖ്യ കക്ഷി ആക്കുക വഴി, അമേരിക്ക ഏഷ്യന്‍ മേഖലയില്‍ സാന്നിദ്ധ്യം ഉറപ്പിക്കുകയാണ് ചെയ്യുന്നതെന്ന് വാദിക്കുന്നവരുണ്ട്. ആണവ മേഖലയിലെ കരാറിനൊപ്പം, സംയുക്തമായി നടത്തുന്ന നാവിക അഭ്യാസവും മറ്റും ഇങ്ങനെയൊരു ധാരണ ലോക രാജ്യങ്ങള്‍ക്കിടയില്‍ പരത്താന്‍ സഹായകമാകും. ഇത് ചൈന പോലെയുള്ള അയല്‍ രാജ്യങ്ങളുമായുള്ള നമ്മുടെ സഹകരണം കുറയ്ക്കാന്‍ കാരണമായേക്കുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
ആ നിലയ്ക്ക്,ഇന്ത്യയ്ക്ക് അമേരിക്കയില്‍ നിന്ന് യുറേനിയം വാങ്ങാന്‍ അവസരമൊരുങ്ങുമെന്നല്ലാതെ,വളരെ വിലപിടിപ്പുള്ള ഈ ഇന്ധനം വാങ്ങി ആണവ ഊര്‍ജ്ജം ഉല്പാദിപ്പിക്കാന്‍ നമുക്കാവുമോ എന്ന കാര്യം സംശയമാണ്.
അതുപോലെ ഈ കരാര്‍, ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഒരു ആണവ മത്സരത്തിന് വഴി വെച്ചേക്കുമെന്ന് ഭയപ്പെടുന്നവരുമുണ്ട്. ഉദാഹരണത്തിന് പാകിസ്താന്‍ വേറെ രാജ്യങ്ങളുമായി കരാറുകളുണ്ടാക്കുകയും, കൂടുതല്‍ അണ്വായുധ ശേഖരം നടത്തുകയും ചെയ്യാന്‍ സാദ്ധ്യതകളുണ്ട്. ഈ കരാര്‍ വഴി NPT യുടെ നിബന്ധനകള്‍ അമേരിക്ക തന്നെ ലംഘിച്ച സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളും അതു പിന്തുടരാം.
പര്‍വേസ് മുഷാറഫ് ചൈനയുമായി ഇങ്ങനെയൊരു സഹകരണത്തിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയുമായും ഇറാനുമായുമുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടാവാനും സാദ്ധ്യത കാണുന്നവരുണ്ട്.
(ഇറാനില്‍ നിന്ന് പാകിസ്താന്‍ വഴി ഇന്ത്യയിലേക്കുള്ള വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് അമേരിക്ക അനുകൂലമായ സമീപനമല്ല കൈക്കൊണ്ടിട്ടുള്ളത്.)
വികസിത രാജ്യങ്ങള്‍ “ആണവ ഇന്ധനം” എന്ന പേരില്‍ വില്‍ക്കുന്നത്,അവരുടെ ആണവ റിയാക്ടറുകള്‍ പുറംതള്ളുന്ന waste ആണെന്നൊരു വാദവും നിലവിലുണ്ട്. ഈ waste പണം കൊടുത്തു വാങ്ങുമ്പോള്‍ നമ്മള്‍ ചെയ്യുന്നത് ഈ രാജ്യങ്ങള്‍ക്ക് വേണ്ടി സ്വയം ഒരു ആണവ ചവറുകൂന ആയി മാറുകയാണ്.
എന്താണ് ആണവ കരാര്‍?
------------------------------
1. ആണവ മേഖലയിലെ എല്ലാ ഫെസിലിറ്റികളും നമ്മള്‍ സൈനികം, സൈനികേതരം എന്നിങ്ങനെ തരം തിരിക്കണം.
(ഇന്ത്യന്‍ ആണവോര്‍ജ്ജ മേഖലയില്‍ ഇങ്ങനെയൊരു തരം തിരിവ് ഇതിനു മുന്‍പുണ്ടായിട്ടില്ല. നമ്മുടെ റിയാക്ടറുകളും ആണവ ഗവേഷണങ്ങളും ഇങ്ങനെയൊരു തരംതിരിവില്ലാതെയാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. ഇനി ഇങ്ങനെയൊന്നുണ്ടാകുമ്പോള്‍, ഇവ രണ്ടിനുമായി വെവ്വേറെ റിയാക്ടറുകള്‍ സ്ഥാപിക്കേണ്ടതായി വരും. അത് ചെലവേറിയതാണ്. മാത്രമല്ല, പുതിയവ ഉണ്ടാക്കിയാല്‍ തന്നെ അവയെ ഇപ്പോള്‍ ഇറാനില്‍ സംഭവിച്ചതുപോലെ സൈനികാവശ്യപരം എന്ന് അന്താരാഷ്ട്ര ആവോര്‍ജ്ജ ഏജന്‍സി പ്രഖ്യാപിക്കാനുള്ള സാദ്ധ്യതകളും തള്ളിക്കളയാനാവില്ല.)
2. കരാര്‍ പ്രകാരം ഉള്ള സഹകരണം സൈനികേതര മേഖലയില്‍ മാത്രമാണ്. മറ്റു രാജ്യങ്ങളില്‍ നിന്നു ലഭിക്കുന്ന ആണവ ഇന്ധനവും, സാങ്കേതിക വിദ്യകളും ഇതിനു വേണ്ടി മാത്രമേ ഉപയോഗിക്കാവൂ.(അല്ലാത്ത പക്ഷം ഈ ഉടമ്പടി അവസാനിക്കുന്നതാണ്.)
3.നമ്മുടെ സൈനികേതര ആണവ കേന്ദ്രങ്ങള്‍ (പഴയതും പുതിയവയും) അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ നിരീക്ഷനത്തില്‍ കൊണ്ടുവരണം.
(വന്‍ശക്തികളൊന്നും ഇങ്ങനെയൊരു നിരീക്ഷണത്തിന് വഴങ്ങിയിട്ടില്ല. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ നിരീക്ഷണത്തിലുള്ള ആയിരത്തോളം റിയാക്ടറുകളില്‍ പത്തെണ്ണം മാത്രമാണ് ഈ രാജ്യങ്ങളിലെല്ലാം ചേര്‍ത്ത് ഉള്ളത്. നമ്മുടെ പരമാധികാരത്തിനു മേലുള്ള കൈകടത്തലായി ഇത് കണക്കാക്കപ്പെടുന്നു. മാത്രമല്ല, ഇപ്പോള്‍ ഇറാന്റെ മേല്‍ അമേരിക്കയും ഇതര രാജ്യങ്ങളും നടത്തുന്ന സമ്മര്‍ദ്ദത്തിനും, ഉപരോധങ്ങള്‍ക്കും ഭാവിയില്‍ നമ്മളും ഇതുവഴി വിധേയരാകേണ്ടി വന്നേക്കാം.)
4.ഈ കരാര്‍ കച്ചവടത്തില്‍ പറയുന്നത് അടുത്ത 40 വര്‍ഷത്തേക്ക് ഇന്ത്യ കഷ്ടപ്പെട്ട് ഊര്‍ജ്ജമേഖലയില്‍ ഗവേഷണം നടത്തേണ്ടതില്ല, രാജ്യത്തിന്റെ ആഭ്യന്തര വികസനത്തിനു വേണ്ട ഊര്‍ജ്ജം ഉല്‍പാദിപ്പിക്കനാവശ്യമായ അടിസ്ഥാന കാര്യങ്ങള്‍ അമേരിക്ക ഒരുക്കിത്തരും എന്നാണ്.
(എന്നാല്‍ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കനാവശ്യമായ അടിസ്ഥാന ഘടകമായ യുറേനിയത്തിന് തൊട്ടാല്‍ പൊള്ളുന്ന വിലയാണ്,ഇന്ത്യയ്ക്കത് താങ്ങാന്‍ കെല്‍പ്പുണ്ടാവുമോ എന്ന് സംശയമാണ്.പക്ഷേ,ഈ കച്ചവടം വഴി അമേരിക്കയുടെ പ്രത്യക്ഷ നേട്ടം 85 ബില്യന്‍ ഡോളറാണ്. അതായത് 3,57,000 കോടി രൂപയുടെ നേരിട്ടുള്ള നേട്ടം.)
5.പൂര്‍ണ്ണമായും സമാധാനപരമായ ആവശ്യങ്ങള്‍ക്ക് “സിവിലിയന്‍ ന്യൂക്ലിയര്‍ ടെക്നോളജി” കൈമാറുന്ന കോണ്ട്രാക്റ്റിന്റെ ‘ക്വാളിഫൈയിങ് ക്ലോസായി’ നാം ഇറാനെതിരെ നിലപാടെടുക്കണം എന്നും അമേരിക്ക പറയുന്നു.
(അവര്‍ ചമച്ചിരിക്കുന്ന “ഹൈഡ് ആക്ട്” ഇന്ത്യയുടെ മേല്‍ ഒരു കൂച്ച് വിലങ്ങാവുമോ എന്നുള്ള സംശയം ബാക്കി)
6.ഭാരതം പുതിയ അണുവായുധം പരീക്ഷിച്ചാല്‍ കരാറിന്റെ കാതലായ ഭാഗം റദ്ദാവും എന്ന് ഹൈഡ് ആക്ട് പറയുന്നു.
7.സിവിലിയന്‍ റിയാക്ടറുകളായി തരം തിരിച്ച റിയാക്ടറുകള്‍ IAEA മാനദണ്ഡങ്ങള്‍ക്ക് കീഴെ കൊണ്ട് വരുക.
(അതായത് പൂര്‍ണ്ണമായും സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നത് കൂടാതെ,അവയ്ക്ക് മുകളില്‍ അന്താരാഷ്ട്രസമൂഹത്തിന്റെ ഒരു കണ്ണ് ഉണ്ടാവുകയും ചെയ്യും. അത് ഇപ്പോള്‍ തന്നെ എന്‍ പി ടി അംഗരാജ്യങ്ങള്‍ പാലിക്കുന്ന കീഴ്വഴക്കമാണ്.)
8.ഇന്ത്യ, പാകിസ്താന്‍, ചൈന എന്നിവരെ “നോണ്‍ പ്രൊലിഫറേഷന്‍” കരാറില്‍ പാര്‍ട്ടികളാക്കാന്‍ അമേരിക്ക ശ്രമിക്കും.
(കൂടുതല്‍ അണ്വായുധങ്ങളും യുദ്ധസാങ്കേതികവിദ്യയും ദക്ഷിണേഷ്യയില്‍ വ്യാപിയ്ക്കാതിരിക്കാന്‍ അമേരിക്കയ്ക്ക് ഇതു വഴി കഴിയും.ഇന്ത്യ, പാകിസ്താന്‍, ചൈന എന്നിവരുടെ ആണവായുധ സാമഗ്രികളുടേയും ആയുധങ്ങളുടേയും നിര്‍മ്മാണത്തിന്മേല്‍ മോറട്ടോറിയം കൊണ്ടുവരിക എന്നത് അമേരിക്കയുടെ പോളിസി ആണ്.)
ആണവ കാരാറില്‍ ഇന്ത്യയ്ക്ക് മേലുള്ള അപകടങ്ങള്‍:
-----------------------------------------------------------
ആണവ കരാര്‍ ധാരാളം സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. നമ്മുടെ ഇന്ധന ആവശ്യങ്ങള്‍ക്കെന്ന പേരില്‍ അമേരിക്ക ഈ കരാറിലേക്കു നമ്മെ വലിച്ചിഴക്കാന്‍ ശ്രമിക്കുന്നത്, ഭാവിയിലുള്ള എല്ലാ തരം ആണവായുധ പ്രയോഗങ്ങളില്‍ നിന്നും (സൈനികവും സൈനികേതരവുമായ)നമ്മെ അകറ്റാന്‍ തന്നെയാണ്. മാത്രമല്ല ഒരു സമ്പൂര്‍ണ്ണ അമേരിക്കന്‍ താവളമായി ഇന്ത്യയെ ദക്ഷിണേഷ്യയില്‍ വികസിപ്പിക്കുക എന്നൊരു ഉദ്ദേശ്യവും ഇതിലുള്‍പ്പെടുന്നു.
പക്ഷേ, ഇപ്പോഴത്തെ ഈ പുതിയ പൊയ്‌മുഖത്തിന്റെ ശരിയായ ഉദ്ദേശ്യം, മറ്റു രാജ്യങ്ങളുമായി ഇത്തരം ഒരാവശ്യത്തിലേക്ക് ഇന്ത്യ ഭാവിയില്‍ ഏര്‍പ്പെടാനുള്ള വഴികള്‍ അടക്കുക എന്നതു തന്നെയാണ്. ആണവ നിര്‍വ്യാപന കരാറിലേക്ക് ഇന്ത്യയെ കൊണ്ടുചെന്നെത്തിക്കാനും ഇതുവഴി അവര്‍ക്ക് എളുപ്പത്തിലാകും.ചുരുക്കത്തില്‍ അണുവായുധം എന്നോ ആണവപരീക്ഷണം എന്നോ ഇന്ത്യയ്ക്കിനി മിണ്ടാന്‍ അവകാശം ഇല്ല എന്നര്‍ത്ഥം.
ഇതില്‍ എന്താണ് നമുക്ക് ചെയ്യാനാകുക?
----------------------------------------------
‘യൂറേനിയം’ എന്നൊരു സാധനത്തിന്റെ ലഭ്യതയെക്കുറിച്ചാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ഭയം. നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്ത ഒരു രാജ്യമെന്ന നിലക്ക് ,നമുക്കിതു എവിടെനിന്നും കിട്ടാന്‍ ഇടയില്ലെന്ന ഒരു ‘തോന്നലിനെ’ അടിസ്ഥാനമാക്കിയാണ് ഇന്ത്യ ഇതിനു പുറപ്പെട്ടിരിക്കുന്നത്.രാഹുല്‍ ഗാന്ധി പറഞ്ഞത് പോലെ “ഇന്ത്യ ഊര്‍ജ്ജത്തിനാണ് മുന്‍തൂക്കം കൊടുക്കുന്നത്”.ഇന്ത്യയുടെ നിലവിലുള്ള വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താനും വരാന്‍ പോകുന്ന വികസന പ്രതിസന്ധികള്‍ ഒഴിവാക്കാനും,ഭീമമായ അളവില്‍ വൈദ്യുതിയും മറ്റും ആവശ്യമുണ്ട്. ഇപ്പോള്‍ തന്നെ ആവശ്യത്തിന് വൈദ്യുതി ഇല്ല താനും.
ഇന്ത്യയിലെ 22 ആണവ റിയാക്റ്ററുകളില്‍ 14 എണ്ണം മാത്രമേ (സൈനികേതരം, എന്ന് വേര്‍ തിരിച്ചവ)ആണവ കരാറിന്റെ പേരില്‍ തുറന്ന് കോടുക്കേണ്ടതുള്ളൂ.
അവയ്ക്കാണ് ഈ കരാര്‍ പ്രകാരം യുറേനിയവും, ഉപകരണങളും ഇറക്കുമതി ചെയ്യാന്‍ അമേരിക്ക സഹായം ചെയ്യുക.
ഈ കരാര്‍ ബധകമല്ലാത്ത ബാക്കി 8 എണ്ണത്തിന് (സൈനികേതരമല്ലാത്തത്)ഓരോ വര്‍ഷവും, 1250 കിലോ പ്ലൂട്ടോണിയം ഉത്പാദിപ്പിക്കാന്‍ കഴിയും. (ഇന്ത്യന്‍ ന്യൂക്ലിയര്‍ ബോംബുകള്‍ പ്ലൂട്ടോണിയം ഉപയോഗിച്ചാണ് നിരിമ്മിക്കുന്നത്.)അത് കൊണ്ട് തന്നെ ഇന്ത്യക്ക് ഈ പ്ലൂട്ടൊണിയം ഉപയോഗിച്ച് ബോംബുകള്‍ ഉണ്ടാക്കാം, എന്ന് മാത്രമല്ല, അവ ഈ 8 എണ്ണം വരുന്ന ആണവ കേന്രങളില്‍ സൂക്ഷിക്കാനും സാധിക്കും.മാത്രവുമല്ല, വൈദ്യുതി ഉത്പാദനത്തിന് മാത്രം ഉപയോഗിക്കുന്ന 14 റിയാക്റ്ററുകളില്‍ കരാര്‍ പ്രകാരം ഇറക്കുമതി ചെയ്യുന്ന യുറേനിയം ഉപയോഗിക്കാം എന്നതിനാല്‍ , ഇന്ത്യകകത്ത് തന്നെ ലഭിക്കുന്ന , ചെറിയ ആളവിലുള്ള യുറേനിയം മുഴുവനായി തന്നെ ആയുധ നിര്‍മ്മാണത്തിന് ഉപയോഗിക്കാം.
മറ്റൊന്ന്, ഇന്ത്യ ആണവ പരീക്ഷണം നടത്തുകയാണെങ്കില്‍ കരാര്‍ അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിയും എന്ന വ്യവസ്ഥയാണ്. അതും ഭാഗികമായി ശരിയാണ്. പക്ഷെ ആണവ പരീക്ഷണം നടത്താനുള്ള അവകാശം ഇന്ത്യ ഇതു വരെ ഉപേക്ഷിച്ചിട്ടില്ലാ. സി ടി ബിടി യില്‍ ഇന്ത്യ ഇതുവരേ ഒപ്പ് വച്ചിട്ടില്ലാ. മാത്രവുമല്ലാ, “മാറിയ സുരക്ഷാ സാഹചര്യങളില്‍” ഇന്ത്യ ആണവ പരീക്ഷണം നടത്തുകയാണെങ്കില്‍ അമേരിക്ക അത് അംഗീകരിക്കും എന്നും, കരാറില്‍ പറയുന്നുണ്ട് എന്നാണ് ഒരിടത്ത് വായിച്ചറിഞ്ഞത്. ചൈന, പാക്കിസ്ഥന്‍ തുടങിയ രാജ്യങള്‍ ആണവ പരീക്ഷണം നടത്തുന്ന സഹചര്യമാണ് “മാറിയ സുരക്ഷാ സാഹചര്യം ” എന്നത് കൊണ്ട് സൂചിപ്പിക്കപ്പെടുന്നത് എന്നറിയുന്നു. അതായത്, ബുഷ് അല്ലെങ്കില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി (വലത് പക്ഷം)അധികാരത്തിലിരിക്കുകയാണെങ്കില്‍ ഇന്ത്യ ആണവ പരീക്ഷണം നടത്തിയാലും കരാര്‍ തുടരാനാണ് സാധ്യത. (ഡെമോക്രാറ്റുകളാണെങ്കില്‍ ആദ്യം കുറച്ച് ഒച്ചപ്പാടും, embargo യും മറ്റും ഉണ്ടാകുമെങ്കിലും, വീണ്ടും കരാര്‍ തുടരും).
പക്ഷെ ഇതിനൊക്കെ ഒരു മുന്നുപാധി എന്ന് പറയാവുന്ന ഒന്ന്, ഈ കരാറിന് ഇന്ത്യ കൊടുക്കേണ്ടുന്ന വില എന്ന് പറയാവുന്നത്, ഇന്ത്യയുടെ , ഇതു വരേ തുടര്‍ന്ന് പോന്ന സ്വതന്ത്ര വിദേശ നയം , അമേരിക്കന്‍ താത്പര്യമനുസരിച്ച് പൊളിച്ചെഴുതേണ്ടി വരും എന്നത് മാത്രമാണ്. അത് ഇറാനുമായുള്ള ബന്ധത്തിലാവട്ടെ, റഷ്യയുമായുള്ള ബന്ധമാവട്ടേ, എതായാലും, അമേരിക്കന്‍ അനുകൂല നിലപാടിന് താഴെ ഒപ്പ് വയ്ക്കുക എന്നത് മാത്രമാവും ഇന്ത്യയുടെ വിദേശ നയം. മാത്രവുമല്ലാ, ഭാവിയില്‍ നാറ്റോ പോലെ ഏഷ്യയില്‍ അമേരിക്ക നേതൃത്വം കൊടുക്കുന്ന എതേങ്കിലും, സൈനിക-സുരക്ഷാ സംഘടനയുടെ ഭാഗമായി ഇന്ത്യയ്ക്ക് മാറേണ്ടി വരും എന്നതും ഒരു സത്യമാണ്.
ഞാന്‍ പറയട്ടെ:
------------------
വികസനത്തിന് മുന്‍തൂക്കം കൊടുക്കണം , എന്നാല്‍ രാജ്യത്തിന്റെ പരമാധികാരം പണയം വെച്ച് വികസനം വേണ്ടന്നാണ് എന്റെ അഭിപ്രായം.
സ്നേഹത്തോടെ വിനയ് മുരളി!
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച ഗുരുവിന് പ്രണാമം.... മലയാള തനിമയില്‍ അഭിമാനിക്കു..... ജീവിതത്തിന്റെയും മരണത്തിന്റെയും ഈ ചെറിയ ഇടവേളയില്‍ കണ്ടുമുട്ടിയതില്‍ ആഹ്ളാദം!
Wednesday, July 23, 2008
ആണവ കരാര്‍ - ചില യാഥാര്‍ത്ഥ്യങ്ങള്‍
Labels:
അമേരിക്ക,
ആണവോര്‍ജ്ജം,
ഇന്ത്യ,
എന്താണ് ആണവ കരാര്‍,
ബുഷ്,
മന്മോഹന്,
യുറേനിയം
Subscribe to:
Post Comments (Atom)
ENTE MALAYALAM
Blog Archive
About Me
- WELCOME TO WORLD OF VINAY
- PUTHUPPALLY,KOTTAYAM, KERALA, India
- I am an engg. student. My native is at Puthuppally,Kottayam. Now at Tumkur,Karnataka.
1 comment:
ആണവകരാര്‍ വിവാദം കൊടുമ്പിരി കൊള്ളൂമ്പോഴും പലര്‍ക്കുമറീയില്ല ( ഞാനുള്‍പ്പെടെ) എന്താ ഇതിനുള്ളീലെന്ന്? എന്തിനു വേണ്ടിയാണീ പരസ്പര വിവാദങ്ങളെന്ന്. അമേരിക്കയ്ക്ക് ഇന്ത്യയെ അടീയറ വെയ്ക്കുന്നുവെന്നും ഒരു കൂട്ടരും അല്ല ഇത് ഇന്ത്യയുടെ വികസനത്തിന് അനിവാര്യമാണെന്നു മറ്റൊരു കൂട്ടരും വാദിക്കുമ്പോള്‍..വിനുവിന്റെ ഈ ആര്‍ട്ടിക്കിള്‍ അതിന്റെ വിശദാംശങ്ങളീലേക്ക് വെളിച്ചം വീശുന്നു...നന്ദി വിനൂ..
Post a Comment